ന്യൂഡൽഹി: ദേശീയ മെഡിക്കൽ കമ്മീഷനിലെയും (എൻഎംസി) ആരോഗ്യമന്ത്രാലയത്തിലെയും ഉദ്യോഗസ്ഥർക്കു കോഴ നൽകിയെന്ന കേസിൽ പത്തു സംസ്ഥാനങ്ങളിൽ ഇഡി റെയ്ഡ് നടത്തി. മെഡിക്കൽ കോളജുകളിലെ പരിശോധന സംബന്ധിച്ച രഹസ്യവിവരങ്ങൾക്കു പകരമായി ഉദ്യോഗസ്ഥർക്ക് പണം നൽകിയെന്ന കണ്ടെത്തലിനെത്തുടർന്നാണ് റെയ്ഡ് നടത്തിയത്.
ആന്ധ്രപ്രദേശ്, തെലുങ്കാന, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഗുജറാത്ത്, രാജസ്ഥാൻ, ബിഹാർ, ഉത്തർപ്രദേശ്, ഡൽഹി എന്നിവിടങ്ങളിലായി 15 ഇടത്തായിരുന്നു റെയ്ഡ്. എൻഎംസിയിലെയും ആരോഗ്യ മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥർ, ഇടനിലക്കാർ, സ്വകാര്യ കോളജുകളിലെ മാനേജർമാർ തുടങ്ങി 35 പേർക്കെതിരേ കഴിഞ്ഞ ജൂണിൽ സിബിഐ രജിസ്റ്റർ ചെയ്ത കേസിലാണു നടപടി.
200 കോടിയിലധികം രൂപയുടെ ഇടപാട് ഇതുമായി ബന്ധപ്പെട്ട് നടന്നിട്ടുണ്ടെന്നാണ് ആരോപണം. അനധികൃതമായി മെഡിക്കൽ സീറ്റുകൾ ലഭിക്കുന്നതിനാണ് വലിയ തോതിൽ കോഴ നൽകിയതെന്നാണു കണ്ടെത്തൽ.
മെഡിക്കൽ കോളജുകളിൽ മെഡിക്കൽ സീറ്റുകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട പരിശോധനയ്ക്കിടെയാണു കോളജ് അധികൃതർക്ക് രഹസ്യവിവരം ചോർത്തി നൽകിയത്. ഇതോടെ, കൃത്രിമ രോഗികളെ സൃഷ്ടിച്ചും അധ്യാപകരെ വച്ചും കോളജ് അധികൃതർ മെഡിക്കൽ സീറ്റുകൾ നേടിയെടുത്തുവെന്നാണ് ആരോപണം.